Sunday, April 01, 2007

ഇനിയൊരു ചൂളംവിളിക്കായ് കാതോര്‍ത്ത്...



രാത്രി മുഴുവന്‍ മഴ പെയ്യുകയായിരുന്നു. ഉറക്കം വരാത്ത രാത്രിയില്‍ മനസ്സിലും പെയ്തത്‌ മഴയായിരുന്നു. സ്നേഹത്തിന്റെ കുളിരുള്ള, മഞ്ഞണിഞ്ഞ താഴ്‌വരയില്‍ ഇറ്റുവീഴുന്ന മഞ്ഞുതുള്ളികള്‍ പോലെ...! നിന്റെ സ്നേഹത്തിനും കൊടുംതണുപ്പായിരുന്നുവല്ലൊ...! നിദ്ര ഇനിയും ഇങ്ങെത്തി നോക്കുന്നില്ലല്ല്ലൊ..? ജനലഴികളില്‍ കൂടിവരുന്ന ഇളംതെന്നലിനു ഒരുവേള മുല്ലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നൊ..? അറിയില്ല.., ഇല്ല, എല്ലാം വെറും തോന്നലായിരിക്കാം. പാതിരാവില്‍ ആരുമറിയാതെ വിടരുകയും നിമിഷങ്ങള്‍ക്കുള്ളില്‍ കൊഴിയുകയും ചെയ്യുന്ന നിശാഗന്ധിയുടെ മോഹങ്ങളും ഒരു മിഥ്യയല്ലെ..? ഒരു താരാട്ടുപാട്ടിനു വേണ്ടി ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്. എല്ലാം മറന്നൊന്നുറങ്ങാന്‍...!

മഴമേഘങ്ങള്‍ മാറിയതു കൊണ്ടൊ എന്തൊ നിലാവിനു നല്ല കുളിരുണ്ട്‌. അമ്പിളിയെ കാത്തിരിക്കുന്ന ആമ്പലിന് ഇനി കണ്ണു തുറക്കാം. ഉറക്കമില്ലാത്ത രാത്രികളിലൊന്നുകൂടി അസ്തമിക്കാറായൊ..? ഇപ്പോള്‍ ജനലഴികളില്‍ക്കൂടി വരുന്ന നിലാവ്‌ നേര്‍ത്തുനേര്‍ത്ത്‌ ഇല്ലാതാവുകയാണ്. വീണ്ടും മഴപെയ്യുവാന്‍ തുടങ്ങുന്നു. ഇല്ല, ഇനിയൊരു താരാട്ടുപാട്ടിനും ഒരു കുളിര്‍നിലാവിനും സാധ്യതയില്ല. ഇരുട്ട്‌ ഇപ്പോള്‍ അലിഞ്ഞലിഞ്ഞ്‌ ഇല്ലാതാവുകയാണ്. പ്രത്യേകതകളൊന്നുമില്ലാത്ത ഒരു പുലരികൂടി പിറവിയെടുക്കുന്നു.

വീണ്ടും യാത്ര...

റെയില്‍വെ സ്റ്റേഷനിലെ പതിവുയാത്രക്കാരോടൊത്ത്‌ കഴമ്പില്ലാത്ത വിഷയങ്ങളുമായി ചര്‍ച്ച. അതിനിടയില്‍ അറിയിപ്പ്‌ വരുന്നു, വൈകിയോടുന്ന വണ്ടികളെക്കുറിച്ച്‌. ജീവിതം പോലെത്തന്നെ എവിടെയും പ്രതീക്ഷിച്ച സമയങ്ങളില്‍ എത്താന്‍ കഴിയാതെ. പിന്നെയും നീണ്ട കാത്തിരിപ്പ്‌. ഒടുവിലെപ്പോഴൊ കിതച്ചുകൊണ്ട്‌ പുകതുപ്പി വണ്ടിയെത്തി. തിങ്കളാഴ്ച്ചയായതു കൊണ്ടായിരിക്കും പതിവില്‍ക്കവിഞ്ഞ തിരക്ക്‌. എങ്കിലും ആരും നില്‍ക്കുന്നില്ല. കൂട്ടുകാരില്‍ നിന്നും മാറി ജനലരികിലെ ഒരു സീറ്റില്‍ ചിന്തയിലേക്ക്‌ ആഴ്‌ന്നിറങ്ങിയപ്പോള്‍ ഒരുതരം മരവിപ്പ്‌ തോന്നിയൊ..? എപ്പോഴൊ അറിയാതെ ഒന്നു മയങ്ങിയൊ.?

"നീ ഇവിടെ ഇരിക്കുകയായിരുന്നൊ..? ഞങ്ങള്‍ അവിടെ ഗംഭീര കളിയിലായിരുന്നു." "ഓ..ഒന്നുമില്ല, ഞാന്‍ ഇവിടെ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു." - രാജേഷിനോടുള്ള മറുപടി അത്രയിലൊതുക്കി. തലേന്നത്തെ ഉറക്കമില്ലായ്മ കാരണമായിരിക്കണം ഉറക്കം വീണ്ടും കണ്‍പോളകളെ തഴുകാനെത്തി. യാത്രക്കാരുടെ ബഹളം കേട്ടപ്പോഴാണുണര്‍ന്നത്‌. ഇറങ്ങേണ്ട സ്ഥലമെത്തിയിരിക്കുന്നു.

ക്ലാസ്‌ മുറി ലക്ഷ്യമാക്കി മഹാനഗരത്തിന്റെ തിരക്കുകളിലേക്ക്‌ ഞാനിറങ്ങി. മഴ വീണ്ടും പെയ്യുകയാണ്. ഈ ഇരുണ്ട കള്ളക്കര്‍ക്കിടകത്തിനു ശേഷം ഒരു പൊന്നോണം വരാനുണ്ടെന്ന് നഗരത്തിലെ വലിയ പരസ്യപ്പലകകള്‍ വിളിച്ചറിയിക്കുന്നു. പൂക്കളങ്ങളും പൂവിളികളും എന്നേ നഷ്ടമായ മനസ്സില്‍ നഷ്ടബാല്യ കൗമാരങ്ങളുടെ ഓര്‍മ്മകള്‍ വിങ്ങലുകള്‍ സൃഷ്ടിക്കുന്നു. ഹൃദയത്തില്‍ ഒരായിരം മുള്ളുകള്‍ ആഴ്‌ന്നിറങ്ങുന്നതു പോലെ. ബാല്യകാല കളിക്കൂട്ടുകാരായ ബിജുവിനോടും സജീഷിനോടുമൊത്ത്‌ കയ്യിലൊരു പൂക്കുടയുമായി ആര്‍ത്തിയോടെ പൂ പറിക്കാന്‍ നടന്നിരുന്ന ബാല്യം. തൊടിനിറയെ പൂക്കളുണ്ടായിരുന്നിട്ടും ആരെയും അടുപ്പിക്കാതിരുന്നിരുന്ന ഗോപിമാഷുടെ പൂന്തോട്ടത്തില്‍ നിന്ന് കട്ടെടുത്ത പൂക്കള്‍ കൊണ്ട്‌ കൂട്ടുകാരുടെ വീട്ടുമുറ്റത്ത്‌ പൂക്കളമൊരുക്കിയിരുന്ന ബാല്യം ഒരുവേള ഓര്‍മ്മയില്‍ മിന്നിമറയുന്നുവൊ..? മനസ്സു നിറയെ മോഹങ്ങളുമായി കൂട്ടുകാരോടൊന്നിച്ച്‌ കളിച്ചും ഉല്ലസിച്ചും നടന്നിരുന്ന കൗമാരത്തിലെ പൊന്നിന്‍ ചിങ്ങമാസം ഒരുവേള ഓര്‍മ്മയില്‍ ഓടിയെത്തിയൊ..? ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും മെഗാമാളുകളിലും വില്‍പ്പനക്ക്‌ വെച്ചിരിക്കുന്ന ഓണം എന്തെ എനിക്ക്‌ തിരിച്ചറിയാനാകുന്നില്ല..? ഇന്റര്‍നെറ്റ്‌ ക്ലബ്ബുകളിലും ഐസ്ക്രീം പാര്‍ലറുകളിലും സീടീവിയിലുമൊക്കെ എനിക്കെന്തെ ആധുനിക ഓണത്തെ തിരിച്ചറിയാന്‍ കഴിയുന്നില്ല..? ഒരുപക്ഷെ, ഒരു ശരാശരി നാട്ടിന്‍പുറത്തുകാരന്റെ ഇടുങ്ങിയ ചിന്തകളായിരിക്കാം. ഈ തിരക്കുപിടിച്ച ജീവിതനെട്ടോട്ടങ്ങള്‍ക്കിടയില്‍ വിഭവസമൃദ്ധമായ തിരുവോണ സദ്യയൊരുക്കുന്ന നക്ഷത്രഹോട്ടലുകള്‍ എത്ര ആശ്വാസകരം...!

ഒരുതരം നിസ്സംഗതയോടെ ക്ലാസിലേക്ക്‌ കയറിച്ചെല്ലുമ്പോള്‍ ആരുടെയും അനുകമ്പക്ക്‌ ആഗ്രഹമില്ലാത്ത ടീച്ചര്‍ ക്ലാസ്‌ തുടങ്ങിക്കഴിഞ്ഞിരുന്നു. പിന്നെ ലോകഭൂപടത്തില്‍ മുങ്ങിത്തപ്പിയും ആകാശസഞ്ചാരങ്ങളുടെ കൂട്ടലുകളും കിഴിക്കലുകളും. ക്ലാസുകള്‍ അവസാനിച്ച്‌ വീണ്ടും മഹാനഗരത്തിന്റെ തിരക്കുകളിലേക്ക്‌. റെയില്‍വെ സ്റ്റേഷനില്‍ ആരെയൊക്കെയൊ കാത്തുകിടക്കുന്ന വണ്ടിയിലേക്ക്‌..അതിന്റെ ശ്വാസം മുട്ടിക്കുന്ന തിരക്കിലേക്ക്‌..ഏതൊ ഒരു മൂലയില്‍ ആരുടെയൊക്കൊയൊ കരുണകൊണ്ട്‌ കിട്ടിയ സീറ്റിലേക്ക്‌ ഒതുങ്ങിക്കൂടി. എവിടെയൊക്കെയോ ലക്ഷ്യസ്ഥാനങ്ങളുള്ള യാത്രക്കാര്‍ എന്തിനൊക്കെയോ വേണ്ടി ബഹളംകൂട്ടുന്നു.

മോഹങ്ങളും ജീവിതവും പോലെ ഒരിക്കലും കൂട്ടിമുട്ടാത്ത റെയില്‍പാളങ്ങളിലൂടെ വണ്ടി ഇപ്പോള്‍ പതുക്കെ നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ചിന്തയുടെ ജനലഴികളില്‍ക്കൂടി പുറത്തേക്കു നോക്കുമ്പോള്‍ പുഴ കലങ്ങിമറിഞ്ഞൊഴുകുകയാണ്. കടലിനോടു ചേരാന്‍ ആര്‍ത്തിയോടെ ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയെ കൊതിതീരും വരെ നോക്കിയിരിക്കാന്‍ തന്നെ ഒരു സുഖമാണ്. പടിഞ്ഞാറ് സൂര്യന്‍ ഇപ്പോള്‍ കുങ്കുമവര്‍ണ്ണം വിതറി അലിഞ്ഞലിഞ്ഞ്‌ ഇല്ലാതാവുകയാണ്. സ്വര്‍ണ്ണവര്‍ണത്തോടെ കടല്‍ ഇപ്പോള്‍ ഏറെ സന്തോഷവതിയാണ്. ദൂരെ ദൂരെ വിശാലമായ പാടങ്ങളുടെ അങ്ങേക്കരയിലൂടെ, തെങ്ങോലത്തലപ്പുകള്‍ക്കും മുകളിലൂടെ രണ്ട്‌ ഇണപ്പക്ഷികള്‍ താഴ്‌ന്നും പൊങ്ങിയും തൊട്ടും തൊടാതെയും എങ്ങോട്ടോ പറന്നകന്നു. ഓടിയോടി കിതച്ച തീവണ്ടി ഇടക്കിടക്ക്‌ എവിടെയൊക്കെയോ നില്‍ക്കുന്നു. നിര്‍ത്തിയിട്ട വണ്ടിക്കരികിലൂടെ എതിര്‍ദിശയിലേക്ക്‌ ഒരു തീവണ്ടി അതിവേഗം പാഞ്ഞുപോയി, ഒരു പ്രത്യേക താളത്തോടെ. ആരുടെയും മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തത്ര വേഗത്തില്‍. റെയില്‍വെ പാളത്തിനരികിലെ ആള്‍ക്കൂട്ടത്തിനിടിയില്‍ ഒരു യുവാവിന്റെ അംഗഭംഗം വന്ന ചേതനയറ്റ ശരീരം. ചിലര്‍ അത്‌ ഒന്നുകാണാന്‍ തിരക്ക്‌ കൂട്ടുന്നു. ചിലര്‍ മാറിനിന്ന് എന്തൊക്കെയൊ അടക്കം പറയുന്നു. മഞ്ഞ നിറത്തില്‍ കറുത്ത അക്ഷരങ്ങളില്‍ മൂന്നു ഭാഷകളിലായി റെയില്‍വെ സ്റ്റേഷന്റെ പേരുകള്‍ എഴുതിയ വലിയ ബോര്‍ഡുകളും പിന്നിലാക്കി തീവണ്ടി പിന്നെയും പായുന്നു, ആളും തിരക്കുമില്ലാത്ത പാടങ്ങളിലൂടെ എന്റെ നിഷ്കളങ്കമായ ഗ്രാമത്തിലേക്ക്‌...

വേലിപ്പടര്‍പ്പുകളില്‍ പൂത്തുനില്‍ക്കുന്ന ശംഖുപുഷ്പത്തിന്റെ നീലമിഴികളെന്തെ നിറഞ്ഞുവൊ..? നിന്റെ ദുഖങ്ങള്‍ എനിക്കറിയില്ല.നിന്റെ മോഹങ്ങളും സ്വപ്നങ്ങളും എനിക്കറിയില്ല. എങ്കിലും,ഒന്നെനിക്കറിയാം.., എന്റെ മനസ്സിലെ കൊച്ചു പൂക്കളത്തില്‍ സൗരഭ്യം പരത്തി എന്നും നീയുണ്ടായിരുന്നു. നിറങ്ങള്‍ നഷ്ടമായ എന്റെ സ്വപ്നങ്ങളില്‍ നീ മാരിവില്ലിന്‍ വര്‍ണ്ണങ്ങളായിരുന്നു. എന്റെ ബാല്യത്തിലും കൗമാരത്തിലും നഷ്ടവസന്തങ്ങളിലും നീ നിറഞ്ഞുനില്‍ക്കുന്ന പൂക്കാലമായിരുന്നു. ചുട്ടുപൊള്ളുന്ന എന്റെ ഹൃദയത്തില്‍ നീ കുളിരുള്ള മഞ്ഞുതുള്ളിയായിരുന്നു.

ഗ്രാമത്തിന്റെ നിഷ്കളങ്കതയില്‍ നിന്നും നഗരത്തിന്റെ കൃത്രിമത്വത്തിലേക്കും തിരിച്ചുമുള്ള യാത്ര പിന്നീടും കുറെക്കാലം തുടര്‍ന്നു. ഇന്ന്,കാലം നമ്മെ പിറകിലാക്കി മുന്നോട്ട്‌ പായുമ്പോള്‍ എന്റെ പ്രിയപ്പെട്ട റെയില്‍വെ സ്റ്റേഷനില്‍ വന്നെത്തുന്ന ആ അഞ്ഞൂറ്റിപ്പതിനഞ്ചാം നമ്പര്‍ ഫാസ്റ്റ്‌ പാസഞ്ചറില്‍ ഞാനിപ്പോഴും നിന്റെ മുഖം തെരയാറുണ്ട്‌.., ഇല്ലെന്നു മനസ്സ്‌ മന്ത്രിക്കുമ്പോഴും...!